Google

മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തെ മികച്ച സിഇഒ

Saturday, March 16, 2013

സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് സാരഥി മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തിലെ ഏറ്റവും മികച്ച സിഇഒയായി തിരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ ബദ്ധശത്രുക്കളായ ഗൂഗിള്‍, ആപ്പിള്‍ എന്നിവയുടെ സിഇഒമാരെ ബഹുദൂരം പിന്നിലാക്കിയാണ് സക്കര്‍ബര്‍ഗ് ചരിത്രനേട്ടം കൈവരിച്ചത്. കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ ഗ്ലാസ്ഡോര്‍ ഓണ്‍ലൈന്‍ വഴി നടത്തിയ സര്‍വ്വേയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. 99 ശതമാനം ജീവനക്കാരുടെ പിന്തുണയാണ് സക്കര്‍ബര്‍ഗിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനെ മാറ്റിയതില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃപാടവവും ജീവനക്കാരുമായുള്ള ആത്മബന്ധവുമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് മികച്ച സിഇഒമാരെ കണ്ടെത്തിയത്.

എസ്എപി സഹ സിഇഒമാരായ ബില്‍ മക്ഡര്‍മോട്ട്, ജിം ഹേഗ്മാന്‍ എന്നിവരാണ് സക്കര്‍ബര്‍ഗിന് പിന്നിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ സാരഥി ലാറി പേജിന് പതിനൊന്നാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് സാധിച്ചത്. 95 ശതമാനം ജീവനക്കാരുടെ പിന്തുണയാണ് ലാറി പേജിന് ലഭിച്ചത്. ആമസോണ്‍ ചീഫ് ജെഫ് ബെസോസ് 93 ശതമാനത്തിലധികം പേരുടെ പിന്തുണയുമായി പതിനാറാം സ്ഥാനത്ത് എത്തി. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍-ടാബ്ലറ്റ് രംഗത്തെ അതികായരായ ആപ്പിളിന്റെ സിഇഒ ടിം കുക്കിന് പതിനെട്ടാം സ്ഥാനത്ത് എത്താന്‍ മാത്രമെ സാധിച്ചുള്ളു. 92 ശതമാനം ജീവനക്കാരുടെ പിന്തുണയാണ് കുക്കിന് ലഭിച്ചത്. അതേസമയം ആപ്പിളിന്റെ മുന്‍ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സിന് മുഴുവന്‍ ജീവനക്കാരുടെയും പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved