Google

സംസ്ഥാനം കൈവിട്ട ലാലിന് ദേശീയ അംഗീകാരം

Monday, March 18, 2013

മികച്ച നടനുള്ള അവാര്‍ഡിന് മാറ്റുരയ്ക്കാന്‍ സംസ്ഥാനതലത്തില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു ലാല്‍. മധുപാല്‍ ഒരുക്കിയ ഒഴിമുറിയിലെ താണുപിള്ളയായും ശിവന്‍പിള്ളയായും പകര്‍ന്നാടി പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചു പറ്റിയതിനു ശേഷമായിരുന്നു ലാല്‍ സംസ്ഥാന അവാര്‍ഡിനായി മാറ്റുരച്ചത്. പക്ഷേ മലയാളസിനിമയുടെ പിതാവായി വേഷമിട്ട പൃഥ്വിരാജ് ലാലിനെ പിന്നിലാക്കി മികച്ച നടനാകുകയായിരുന്നു. എന്നാല്‍ ദേശീയതലത്തിലെത്തുമ്പോള്‍ കഥ മാറി. ലാലിന്റെ അഭിനയത്തിന് പ്രത്യേകജൂറി പരാമര്‍ശത്തിലൂടെയാണ് ദേശീയ അംഗീകാരം ലഭിച്ചത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിന് ഒടുവിലാണ് മികച്ച നടനെന്ന പുരസ്കാരം മാറി ലാലിന്റെ അഭിനയമികവ് പ്രത്യേക പരാമര്‍ശമായത്.

ഇതാദ്യമായാണ് ലാലിന് ദേശീയ അംഗീകാരം ലഭിക്കുന്നത്. ഇതിനുമുമ്പ് സംസ്ഥാനതലത്തില്‍ ലാലിന്റെ അഭിനയത്തികവ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2008ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണ് ലാലിന് ലഭിച്ചത്. മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ തന്നെയായിരുന്നു ഈ പുരസ്കാരനേട്ടവും. തലപ്പാവ് എന്ന ചിത്രത്തിലെ രവീന്ദ്രന്‍ നായരെ അവതരിപ്പിച്ചായിരുന്നു ലാല്‍ അവാര്‍ഡ് നേടിയത്.

മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാല്‍ ഫാസിലിന്റെ നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായാണ് ചലച്ചിത്രലോകത്തെത്തുന്നത്. കലാഭവനിലെ സഹപ്രവര്‍ത്തകനായിരുന്ന സിദ്ദിഖിനൊപ്പം ചേര്‍ന്നായിരുന്നു ഈ രംഗപ്രവേശം. പിന്നീട് ഈ കൂട്ടുകെട്ട് റാംജിറാവ് സ്പീക്കിങ്ങ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകരുമായി.

അഭിനയരംഗത്തേയ്ക്കുള്ള ലാലിന്റെ വരവും സൂപ്പര്‍ഹിറ്റായിരുന്നു. ജയരാജ്‌ സംവിധാനം ചെയ്ത കളിയാട്ടത്തിന്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ലാല്‍ ചലച്ചിത്രഅഭിനയം തുടങ്ങിയത്. പതിവ് വില്ലന്‍ മാനറിസങ്ങളില്‍ വ്യത്യസ്ത കൊണ്ടുവന്ന് ലാല്‍ അവതരിപ്പിച്ച പനിയന്‍ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റി. അന്നും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരില്‍ മുന്‍പന്തിയിലുണ്ടായി ലാല്‍. പിന്നീട് ഹാസ്യരംഗങ്ങളും മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്ത് നൃത്തരംഗങ്ങളിലും തിളങ്ങി ലാല്‍ പ്രേക്ഷകരുടെ പ്രിയനടനുമായി.

ലാല്‍ ക്രിയേഷന്‍സ് എന്ന ബാനറില്‍ സിനിമാനിര്‍മ്മാതാവായും ലാല്‍ തിളങ്ങി. സിദ്ദിഖുമായി വേര്‍പിരിഞ്ഞതിനുശേഷം 2009ല്‍ ടു ഹരിഹര്‍നഗറിലൂടെ സംവിധായകനെന്ന നിലയില്‍ ലാല്‍ വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ചലച്ചിത്രലോകത്ത് അണിയറയിലും അരങ്ങിലും ഒരുപോലെ തിളങ്ങുന്ന, ദേശീയഅംഗീകാരം സ്വന്തമാക്കിയ ലാലിന് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിനന്ദനങ്ങള്‍.

Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved