Google

പത്തിലൊന്ന് ഫേസ് ബുക്ക് യൂസര്‍മാര്‍ക്കും മോശം സന്ദേശങ്ങളും ചിത്രങ്ങളും ലഭിക്കുന്നു-പഠനം

Friday, March 22, 2013

ലണ്ടന്‍: പത്തിലൊന്ന് ഫേസ്ബുക്ക് യൂസര്‍മാര്‍ക്കും മോശം കമന്റുകളും അപമാനകരമായ മെസേജുകളും വരാറുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഒന്നേ രണ്ടോ തവണ മാത്രമേ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ എന്ന് 61 ശതമാനം യൂസര്‍മാര്‍ പറയുമ്പോള്‍ എട്ട് ശതമാനം പേര്‍ക്ക് മാസത്തിലൊരു തവണയെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മാസത്തില്‍ പല തവണ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായി മൂന്ന് ശതമാനം പേര്‍ പറഞ്ഞു. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫാണ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റ് നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം മാത്രം അഞ്ചിലേറെ ഇത്തരം അനുഭവങ്ങള്‍ സഹിക്കേണ്ടി വന്നതായി മൂന്ന് ശതമാനം പേര്‍ പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ പരിചയമുള്ളവരില്‍ നിന്ന് മോശം അനുഭവം ഉണ്ടായത് 62 ശതമാനം പേര്‍ക്കാണ്. ഫ്രെന്റ്സ് ലിസ്റ്റില്‍ പോലുമില്ലാത്തവരാണ് മോശം സന്ദേശങ്ങള്‍ അയച്ചതെന്ന് 27 ശതമാനം പേര്‍ പറഞ്ഞു.

മൂന്നില്‍ രണ്ടു പേരും ഉപദ്രവിച്ചയാളെ ബ്ലോക്ക് ചെയ്തു. ചുരുക്കം പേര്‍ മാത്രമാണ് ഫേസ്ബുക്ക് അനുവദിക്കുന്ന റിപ്പോര്‍ട്ട് സൌകര്യം ഉപയോഗപ്പെടുത്തിയത്. 14 ശതമാനം പേര്‍ പ്രൈവസി സെറ്റിങ്സ് അഡ്ജസ്റ്റ് ചെയ്തു രക്ഷപ്പെട്ടു. ആറു ശതമാനം പേര്‍ പ്രൊഫൈല്‍ സെറ്റിങ് ചുരുക്കി. അഞ്ചു ശതമാനം പേര്‍ ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തി. മൂന്ന് ശതമാനം പേര്‍ അക്കൌണ്ട് തന്നെ ഒഴിവാക്കി. 14 ശതമാനം പേര്‍ മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.

ട്വിറ്ററില്‍ അഞ്ചു ശതമാണം പേര്‍ക്കു മാത്രമാണ് സമാന അനുഭവമുണ്ടായത്. പകുതിയിലേറെ ട്വിറ്റര്‍ ഉപയോക്താക്കളും മറ്റുള്ളവരെ ഫോളോ ചെയ്യാന്‍ മാത്രമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത് എന്നതാവാം ഇതിനു കാരണമെന്ന് പഠനം വിശകലനം ചെയ്യുന്നു.

സോഷ്യല്‍ മീഡിയയുടെ പ്രതീതി യാഥാര്‍തഥ്യ ലോകത്ത് മറ്റുള്ളവര്‍ക്ക് അപമാനകരമായ സന്ദേശങ്ങള്‍ അയക്കുന്നത് താരതേമ്യേന എളുപ്പമാണ്. സാങ്കേതിക സൌകര്യം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ ആളുകള്‍ കഴിവു നേടുന്നതായാണ് പഠനം വെളിപ്പെടുത്തുന്നതെന്ന് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റ് വൃത്തങ്ങള്‍ പറഞ്ഞു.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved