Google

റൈഫി മിന്നല്‍പ്പിണറായി; കേരളത്തിന് രണ്ടാം ജയം

Thursday, March 28, 2013

സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ കേരളത്തിന് രണ്ടാം ജയം. കരുത്തരായ ദില്ലിയെ അട്ടിമറിച്ചതിന്റെ വീര്യവുമായി എത്തിയ കേരളം രണ്ടാം മല്‍സരത്തില്‍ വിദര്‍ഭയെ ഒരു വിക്കറ്റിന് കീഴടക്കി. മഴ ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും അത്യന്തം ആവേശം മുറ്റിനിന്ന മല്‍സരത്തില്‍ റൈഫി വിന്‍സന്റ് ഗോമസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിദര്‍ഭ 19 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. എന്നാല്‍ മഴമൂലം കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 എന്ന രീതിയില്‍ പുനഃക്രമീകരിക്കുകയായിരുന്നു. തുടക്കംമുതല്‍ക്കേ പതറിയ കേരളം ഒടുവില്‍ റൈഫിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എയില്‍ എട്ടു പോയിന്റോടെ കേരളം ഒന്നാമതാണ്.

ഏഴാമനായി ക്രീസിലെത്തിയ റൈഫി വെറും 16 പന്തില്‍നിന്ന് പുറത്താകാതെ 42 റണ്‍സെടുത്തു. നാല് പടുകൂറ്റന്‍ സിക്സറുകളും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റൈഫിയുടെ ഇന്നിംഗ്സ്. ഒരവസരത്തില്‍ മൂന്നിന് 27 എന്ന നിലയില്‍ പരുങ്ങുകയായിരുന്നു കേരളം. കഴിഞ്ഞ മല്‍സരങ്ങളില്‍ മികച്ച സ്കോര്‍ കണ്ടെത്തിയ രോഹന്‍ പ്രേം(ഒന്ന്), സച്ചിന്‍ ബേബി(ആറ്), വി എ ജഗദീഷ്(15) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കേരളം തോല്‍വിയിലേക്ക് പതിക്കുകയായിരുന്നു. സ്കോര്‍ നൂറില്‍ നില്‍ക്കെ എട്ടാമത്തെയും ഒമ്പതാമത്തെയും വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമാകുകയും ചെയ്തു. എന്നാല്‍ മനസാന്നിദ്ധ്യം കൈവിടാതെ പോരാടിയ റൈഫി കേരളത്തിന് അര്‍ഹമായ വിജയം സമ്മാനിക്കുകയായിരുന്നു.

പുറത്താകാതെ 55 റണ്‍സെടുത്ത ഉബര്‍താണ്ടെയുടെ ബാറ്റിംഗാണ് വിദര്‍ഭയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി പി പ്രശാന്ത് രണ്ടും ജഗദീഷ്, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍ എ്നിവര്‍ ഓരോ വിക്കറ്റും നേടി. ദേശീയ താരം ഉമേഷ് യാദവിനെ കൂടാതെയാണ് വിദര്‍ഭ കളിക്കാനിറങ്ങിയത്.

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ പഞ്ചാബ് 25 റണ്‍സിന് ബംഗാളിനെ തോല്‍പ്പിച്ചപ്പോള്‍ ഒഡീഷ ഏഴുവിക്കറ്റിന് ദില്ലിയെ അട്ടിമറിച്ചു. മറ്റൊരു മല്‍സരത്തില്‍ ഉത്തര്‍പ്രദേശ് പത്ത് റണ്‍സിന് കര്‍ണാടകയെ പരാജയപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് ഉത്തര്‍പ്രദേശ് ജയിച്ചത്.

വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളികള്‍. അവസാന മല്‍സരത്തില്‍ കേരളം ശനിയാഴ്ച ഗുജറാത്തിനെ നേരിടും. ഗ്രൂപ്പില്‍ ഒന്നാമതെത്തിയാല്‍ കേരളത്തിന് ഫൈനലില്‍ കടക്കാനാകും.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved