Google

ഗണേഷിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

Monday, April 1, 2013

തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നേരത്തെ അഭിഭാഷകയോടൊപ്പം ക്ലിഫ് ഹൗസിലെത്തിയാണ് യാമിനി തങ്കച്ചി ഗണേഷിനെതിരായ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗണേഷ് കുമാര്‍ ശാരീരകമായും മാനസികമായും പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് ശേഷം മ്യൂസിയം പൊലീസിലും പരാതി നല്‍കി. സിഡി ഉള്‍പ്പടെയുള്ള തെളിവുകള്‍ സഹിതം വിശദമായി എഴുതിത്തയ്യാറാക്കിയ പരാതിയാണ് യാമിനി നല്‍കിയത്. ഇതേത്തുടര്‍ന്ന് മ്യൂസിയം പൊലീസ് യാമിനിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിന് മുമ്പ് യാമിനിക്കെതിരെ ഗണേഷ് നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ യാമിനിയുടെ പരാതി സ്വീകരിച്ച മുഖ്യമന്ത്രി ഉചിതമായി നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. യാമിനിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മന്ത്രി ഷിബു ബേബിജോണിനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി അനുരഞ്ജന ചര്‍ച്ച നടത്തി. എന്നാല്‍ ഇതു പരാജയപ്പെടുകയായിരുന്നു. ഇതിന്ശേഷം ഡിജിപിയെയും ആഭ്യന്തരമന്ത്രിയെയും വിളിച്ചുവരുത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി ലഭിച്ചാല്‍ ഉടന്‍ പൊലീസിന് കൈമാറണമെന്ന ഉപദേശമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി മന്ത്രിയുടെ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുകയായിരുന്നു.

Source: http://www.asianetnews.tv/latest-news/7868-police-files-case-against-ganesh-kumar
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved