Google

വന്ധീകരിക്കാന്‍ ആളെകൊണ്ടുവരൂ, നാനോ കാറുമായി മടങ്ങൂ; മധ്യപ്രദേശില്‍ ഇത് വന്ധ്യംകരണ കാലം

Sunday, March 17, 2013

ജബല്‍പൂര്‍: മധ്യപ്രദേശില്‍ ആദിവാസികളെയും ദലിതുകളെയും വ്യാപകമായി വന്ധ്യംകരണത്തിന് വിധേയമാക്കുന്നു. മാര്‍ച്ച് 31നകം പരമാവധി പേരെ വന്ധ്യംകരണം നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എല്ലാ വഴികളും ഉപയോഗിച്ച് ആളുകളെ ക്യാമ്പുകളില്‍ എത്തിക്കുകയാണ്. പാവപ്പെട്ടവരും ജീവിതത്തിന്റെ താഴേത്തട്ടിലുള്ളവരുമാണ് ഇതിന് കൂടുതലും ഇരയാവുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വാസക്ടമി ക്യാമ്പുകളില്‍ 500 പേരെ എത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നാനോ കാറാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. 50 പേരെ എത്തിക്കുന്നവര്‍ക്ക് റഫ്രിജറേറ്ററാണ് വാഗ്ദാനം. സമ്മാനം വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ സര്‍വ മാര്‍ഗങ്ങളും പ്രയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബി.പി.എല്‍ പദവിയില്‍നിന്ന് ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയും നിരക്ഷരായ ആദിവാസികളെയും മറ്റും പറഞ്ഞു പറ്റിച്ചുമാണ് ക്യാമ്പുകളില്‍ എത്തിക്കുന്നത്.
അവിവാഹിതരെയും മനോരോഗികളെയും പോലും വാസക്ടമി ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എഴുപതു വയസ്സുകാര്‍ പോലും ശസ്ത്രക്രിയക്ക് വിധേയമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദിന്‍ദോരി, ഷഹ്ദോല്‍ ജില്ലാ ആശുപത്രികളില്‍ ബൈഗ ആദിവാസികളെ കൂട്ടമായി എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ഈയിടെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. ജനുവരിയില്‍ വിദിഷയിലെ ഒരു ക്യാമ്പില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ മൂന്ന് സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അന്വേഷണമോ നടപടിയോ ഇക്കാര്യത്തില്‍ ഉണ്ടായില്ല.

ബര്‍വാനി, ഖര്‍ഗോണ്‍, ആലിരാജ്പൂര്‍, ജബുവ ആദിവാസി മേഖലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നത്. മിക്ക രോഗികള്‍ക്കും ശസ്ത്രക്രിയക്കു ശേഷം ഡിസ്ചാര്‍ജ് കാര്‍ഡ് നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് തലയൂരാനാണിത്.
നിരവധി ഡോക്ടര്‍മാരാണ് പദ്ധതിയില്‍ ഊര്‍ജിതമായി പങ്കെടുക്കുന്നത്. പ്രതിദിനം 30 മുതല്‍ 50 വരെ ശസ്ത്രക്രിയകള്‍ നടത്താമെന്നതാണ് സാധാരണ രീതി. എന്നാല്‍, പ്രതിദിനം 500 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തിയതായി ഇന്‍ഡോറിലും മാല്‍വയിലുമുള്ള നിരവധി ഡോക്ടര്‍മാര്‍ വീമ്പിളക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

News Courtesy: Asianet News
http://www.asianetnews.tv/latest-news/6970-bring-500-for-sterilization-take-home-a-nano
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved