Google

ഫ്ളാറ്റ് തട്ടിപ്പ് : അച്ഛനും മകനും അറസ്റ്റില്‍

Friday, March 22, 2013

കൊച്ചി : ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് 50 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും അറസ്റ്റില്‍ . തൃപ്പൂണിത്തുറ സ്വദേശിയും അലയന്‍സ് ഹാബിറ്റാറ്റ് ഉടമയുമായ ജിറ്റോ ജോസഫ്, പിതാവ് ജോസഫ് അലക്സാണ്ടര്‍ എന്നിവരാണു മരട് പോലീസിന്റെ പിടിയിലായത്.

പണം തട്ടിയെടുത്തശേഷം മുങ്ങി പ്രതികള്‍ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. 30 ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റുകള്‍ കൊച്ചി നഗരത്തോടു ചേര്‍ന്നു നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പലരില്‍നിന്നായി ഇതിന് 50 കോടിയോളം രൂപ വാങ്ങി. കാക്കനാട്, ഇരുമ്പനം, തൃക്കാക്കര എന്നിവിടങ്ങളില്‍ അലയന്‍സ് ഹാബിറ്റാറ്റ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡിന്‍റെ പേരില്‍ കെട്ടിട നിര്‍മാണവും തുടങ്ങി. എന്നാല്‍, പണം വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫ്ലാറ്റുകള്‍ കൈമാറിയില്ല. ഇത് അന്വേഷിച്ചെത്തിയ നിക്ഷേപകര്‍ ഭാഗീകമായിപ്പോലും പണിപൂര്‍ത്തിയാക്കാത്ത ഫ്ളാറ്റുകളാണു കണ്ടത്.
തൃപ്പൂണിത്തുറയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു പള്ളി പണിതു നല്‍കാമെന്നു പറഞ്ഞും ഇവര്‍ പണം വാങ്ങിയിരുന്നു. പള്ളി പണി തുടങ്ങുകയും ചെയ്തിരുന്നില്ല.

എറണാകുളം സൗത്ത്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേത്തുടര്‍ന്നു പ്രതികള്‍ നാടുവിടുകയാണുണ്ടായത്. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. പ്രതികള്‍ ഇന്നലെ രാത്രി തൃപ്പൂണിത്തുറയില്‍ എത്തിയ കാര്യം അറിഞ്ഞ അന്വേഷണ സംഘം ഇവരെ പിടികൂടുകയായിരുന്നു.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved