ആലപ്പുഴ: പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന്
പുറത്താക്കിയില്ലെങ്കില്‍ യുഡിഎഫ് വിടുന്ന കാര്യം ആലോചിക്കുമെന്ന് ജെഎസ്എസ്
നേതാവ് കെ ആര്‍ ഗൗരിയമ്മ. അടുത്തമാസം രണ്ടിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍
ജെ എസ് എസ് പങ്കെടുക്കില്ല. ഇക്കാര്യത്തിലെ യുഡിഎഫ് നിലപാട് അനുസരിച്ച്
മുന്നണിയില്‍ തുടരണോ എന്ന കാര്യത്തില്‍ ജെഎസ്എസ് അന്തിമ തീരുമാനമെടുക്കും.
ആലപ്പുഴയില്‍ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാനകമ്മറ്റി തീരുമാനങ്ങള്‍
വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.
പിസി ജോര്‍ജ് ഗൗരിയമ്മക്കെതിരായി നടത്തിയ അസഭ്യപരാമര്‍ശങ്ങളുടെ
പശ്ചാത്തലത്തില്‍ ഈ വിഷയം മുഖ്യ അജണ്ടയായി ജെഎസ്എസ് സംസ്ഥാനകമ്മറ്റി
ചര്‍ച്ചക്കെടുക്കുകയായിരുന്നു. രണ്ടരമണിക്കൂറോളം നീണ്ട
സംസ്ഥാനകമ്മറ്റിയില്‍ നേതാക്കള്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. നാണം
കെട്ട് യുഡിഎഫില്‍ തുടരേണ്ടതില്ല എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത
മുഴുവന്‍പേരും അഭിപ്രായപ്പെട്ടത്. പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ്
സ്ഥാനത്തുനിന്ന് മാറ്റാന്‍ യുഡിഎഫിനോട് ആവശ്യപ്പെടാന്‍ കമ്മറ്റി ഐകകണ്ഠമായി
തീരുമാനമെടുത്തു. ഗൗരിയമ്മ തന്നെയാണ് ഇതുസംബന്ധിച്ച പ്രമേയം കമ്മറ്റിയില്‍
അവതരിപ്പിച്ചത്. തീരുമാനം മുഖ്യമന്ത്രിയേയും യുഡിഎഫ് നേതൃത്വത്തേയും
രേഖാമൂലം അറിയിക്കും. പിസി ജോര്‍ജിന്‍റെ പരാമര്‍ശങ്ങളോട് കെഎം മാണിയും
ഉമ്മന്‍ചാണ്ടിയും പ്രതികരിച്ച രീതിയോട് അതൃപ്തിയുണ്ടെന്നും ഗൗരിയമ്മ
പറഞ്ഞു.
പിസി ജോര്‍ജ്ജിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കാനും
സംസ്ഥാനകമ്മറ്റിയില്‍ ധാരണയായി. ഗൗരിയമ്മക്ക് അഭിവാദ്യമര്‍പ്പിച്ച്
മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് സംസ്ഥാനകമ്മറ്റിക്കുശേഷം നേതാക്കള്‍
പുറത്തേക്ക് വന്നത്.


0 comments:
Post a Comment