Google

കേരളത്തില്‍ മദ്യം വിളമ്പാന്‍ ഇനി പെണ്‍കുട്ടികളും

Tuesday, March 19, 2013

അവിചാരിതമായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. യാത്രക്കിടയില്‍ നന്നായൊന്നുറങ്ങി. ഉറക്കത്തിന്റെ ദൈര്‍ഘ്യം അവസാനിപ്പിച്ചപ്പോള്‍ ആറ്റിങ്ങല്‍ പിന്നിട്ടിരുന്നു. ബസ് കയറിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികന്‍ കൂടെയില്ല. പകരം ആ ഇരിപ്പിടത്തില്‍ ഒരു പെണ്‍കുട്ടി. എന്നോടൊപ്പമുള്ള ആ പെണ്‍കുട്ടിയുടെ ഇരിപ്പ് പലര്‍ക്കും ദഹിച്ച മട്ടില്ല.


അറിവുകള്‍ ​

ജയ എന്നാണ് പെണ്‍കുട്ടിയുടെ പേര്.. ആറ്റിങ്ങല്‍ സ്വദേശിനി. തിരുവനന്തപുരത്തെ പ്രസിദ്ധമായ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്നു ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം. ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ജോലി. ഹോട്ടല്‍ വ്യവസായത്തില്‍ സാധാരണ പെണ്‍കുട്ടികള്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫിസിലോ, ഹൗസ്‌കീപ്പിംഗിലോ ഒന്നുമല്ല. ബാര്‍ ഗേളാണ് ജയ. ഇന്ത്യയിലെ വന്‍ പട്ടണങ്ങളില്‍ ഒരു പക്ഷേ സാധാരണമായേക്കാമെങ്കിലും കേരളത്തില്‍ ഇന്നും അത്യപൂര്‍വമായൊരു ജോലി. പുരുഷന്മാര്‍ അധികവും സന്ദര്‍ശകരായുള്ള ബാറില്‍ സര്‍വീസ് ചെയ്യുന്ന പെണ്‍കുട്ടി! ആദ്യം കേള്‍ക്കുന്ന ആരും ഒന്നു ഞെട്ടുന്ന പ്രൊഫഷന്‍.അമ്പരപ്പു കണ്ടിട്ടാകാം ജയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.
ജയയെപ്പോലെ ഹോട്ടല്‍ മാനേജ്‌മെന്റ് കഴിഞ്ഞ പല പെണ്‍കുട്ടികളും ഇപ്പോള്‍ ബാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നുണ്ട്, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭ്യമാകാന്‍ ബാര്‍ ഹോട്ടലിലെ ജോലി സഹായകരമാണെന്നും ജയ കൂട്ടിച്ചേര്‍ത്തു.
തന്നോടൊപ്പം പഠിച്ച പല പെണ്‍കുട്ടികളും കേരളത്തിനു പുറത്ത് പല സ്ഥലങ്ങളിലും ബാര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പറയുമ്പോള്‍ തൊഴില്‍ മേഖലയിലും ന്യൂജനറേഷന്‍ ജീവിതശൈലി എന്തുമാത്രം സ്വാധീനം ചെലുത്തിക്കഴിഞ്ഞു എന്നാണ് തിരിച്ചറിയേണ്ടത്.


വൈറ്റ് ഡാമര്‍ ​

തിരുവനന്തപുരത്തു നിന്നു നാഗര്‍കോവിലിലേക്കുള്ള വഴിയില്‍ കരമന-കളിയിക്കാവിള റോഡില്‍ പാപ്പനംകോട് ബസിറങ്ങി നൂറുമീറ്റര്‍ മുന്നിലേക്ക് നടക്കുമ്പോള്‍ വലതുവശത്ത് ഒരു വളവിലായി ദൂരക്കാഴ്ചയില്‍ തന്നെ ചുവപ്പില്‍ വെള്ളനിറമുള്ള മൂന്നക്ഷരങ്ങള്‍ കണ്ണില്‍ പതിയും- BAR
പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഹോട്ടല്‍ വൈറ്റ് ഡാമര്‍ വെള്ളയില്‍ കുളിച്ചുനില്‍ക്കുന്നു. ആധുനിക സൗകര്യങ്ങളെല്ലാമുള്ളൊരു ഇടത്തരം ആഡംബര ഹോട്ടല്‍. താഴെ ഇടതുവശത്തായി അണ്ണ ഭവന്‍ എന്ന ശുദ്ധ വെജിറ്റേറിയന്‍ റസ്‌റ്റോറന്റ്. ഉള്ളില്‍ മറുവശത്ത് ഗുവ ട്രീ മള്‍ട്ടീ കുസീന്‍ കോണ്ടിനെന്റല്‍ റെസ്‌റ്റോറന്‍്‌റ്. അകത്ത് അതിമനോഹരമായി ഇന്റീരിയര്‍ ചെയ്ത എക്‌സ്‌ക്ലൂസീവ് എക്‌സിക്യൂട്ടീവ് ബാര്‍-ഗ്രേപ്പ് വൈന്‍.
എന്താണ് വേണ്ടതെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടി സമീപിച്ചു. വന്ന പെണ്‍കുട്ടിയോട് ജയയെ അന്വേഷിച്ചു. ഒരു പുഞ്ചിരിയോടെ വിടവാങ്ങിയ അവള്‍ ഒരു നിമിഷം തികയും മുന്‍പേ, നീലയും ചുവപ്പും ഇടകലര്‍ന്ന ഷര്‍ട്ടും സ്‌കെര്‍ട്ടുമടങ്ങുന്ന യൂണിഫോമില്‍ ജയ ഹാജര്‍!.


സുഭാഷിണി ​

ആദ്യം ഓര്‍ഡര്‍ എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ തന്നെ ജയ പരിചയപ്പെടുത്തി. സുഭാഷിണി. ഡാര്‍ജിലിംഗ് സ്വദേശി. വൈറ്റ് ഡാമറിലെ ബാര്‍ ഗേളിന്റെ കുപ്പായമണിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കൊടുംപട്ടിണിയൊന്നുമല്ല കേരളത്തിലേക്കു വണ്ടി കയറാന്‍ ഈ സാമ്പത്തികശാസ്ത്ര ബിരുദധാരിയെ പ്രേരിപ്പിച്ചത്. മറിച്ച് വ്യത്യസ്തമായ തൊഴില്‍മേഖലയിലേക്കുള്ള അന്വേഷണമാണ് ഹോട്ടല്‍ മേഖലയില്‍ ബാര്‍ഗേളിന്റെ പ്രൊഫഷന്‍ സ്വീകരിക്കാന്‍ സുഭാഷിണിയെ പ്രേരിപ്പിച്ചത്. സംസാരത്തിനിടെ സുഭാഷിണിയുടെ നോട്ടം അപ്പുറത്തെ മേശയിലേക്കൊന്നു പാളി. ''ഇപ്പോള്‍ വരാം'' എന്ന ക്ഷമാപണത്തോടെ സുഭാഷിണി തല്ക്കാലത്തേക്ക് വിടവാങ്ങി. കാരണം വന്നിരിക്കുന്നത് സുഭാഷിണി സ്ഥിരമായി സെര്‍വ്വ് ചെയ്യുന്ന വ്യക്തിയാണ്. ആ ഓര്‍ഡര്‍ എടുക്കുകയാണ് ലക്ഷ്യം.

പ്രിയങ്ക ​

സുഭാഷിണി സമ്മാനിച്ച സോഫ്റ്റ് ഡ്രിങ്ക് ഒരു കവിള്‍ നുണഞ്ഞിറക്കവെ ജയ മറ്റൊരു പെണ്‍കുട്ടിയുമായി വന്നു. പ്രിയങ്ക. സുഭാഷിണിയുടെ നാട്ടുകാരി. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം സ്വന്തമാക്കിയ പ്രിയങ്കയും സ്വന്തം ഇഷ്ടത്തിനാണ് ബാര്‍ ഗേളിന്റെ ജോലിക്കെത്തിയിരിക്കുന്നത് ചെയ്യുന്ന ജോലിയില്‍ പൂര്‍ണമായും സന്തോഷവതിയായ പ്രിയങ്ക തങ്ങള്‍ക്ക് കിട്ടുന്ന സുരക്ഷിതത്വത്തിലും സന്തുഷ്ടയാണ്. നല്ല ശമ്പളം, താമസസൗകര്യം, ഭക്ഷണം. ഇവിടെയെത്തുന്ന കുടിയന്മാരെക്കൊണ്ട് നാളിതുവരെ യാതൊരു ശല്യവും ഉണ്ടായിട്ടില്ലെന്നുകൂടി പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു. ചുമ്മാതല്ല ഈ മേഖലയിലേക്ക് ധാരാളം പെണ്‍കുട്ടികള്‍ക്കൂടി കടന്നുവരുന്നത്. പ്രിയങ്കയെയും തേടി കസ്റ്റമര്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ജയ ഏറ്റവും സീനയറുമായി കടന്നുവന്നു.


സരസ്വതി ​

സരസ്വതി ബാര്‍ മേഖലയിലെ സജീവ സാന്നിദ്ധ്യമായിട്ട് മൂന്നുവര്‍ഷമാവുന്നു. മുമ്പ് വൈറ്റ് ഡാമറില്‍ ജോലി നോക്കിയിരുന്ന മറീറ വഴിയാണ് സരസ്വതി ഇവിടെ എത്തിയത്. കേരളത്തിലെ കുടിയന്മാരെപ്പറ്റി സരസ്വതിക്ക് പറയാന്‍ നല്ലതുമാത്രം. മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഒരു ചെറിയ ദുരന്തംപോലും തനിക്ക് കേരളത്തില്‍നിന്നും ഉണ്ടായിട്ടില്ല എന്ന് സരസ്വതിയുടെ സാക്ഷ്യപത്രം. മലയാളം നല്ല ഒഴുക്കോടെ പറയുന്ന സരസ്വതിയുടെ സംസാരം ആരെയും ആകര്‍ഷിക്കും. കല്യാണം കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ സമ്മതത്തോടെ ജോലിയില്‍ തുടരുന്ന സരസ്വതിക്ക് ഇതിനോടകം സ്വന്തം വരുമാനത്തില്‍നിന്നു മെച്ചപ്പെട്ട ജീവിതനിലവാരം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.


കഥയ്ക്കുശേഷം ​

മൂന്നുമണി കഴിഞ്ഞു. എല്ലാ ഇരിപ്പിടങ്ങളും ഏതാണ്ടു നിറഞ്ഞിരിക്കുന്നു. ജയയും സരസ്വതിയും സുഭാഷിണിയും പ്രിയങ്കയും തിരക്കിലായിക്കഴിഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കുന്ന പെണ്‍കുട്ടികള്‍ ശരിക്കും നിറഞ്ഞ കാഴ്ച തന്നെ. ആരേയും മുഷിപ്പിക്കാതെ കൃത്യമായ സമയത്തിനുള്ളില്‍ത്തന്നെ വേണ്ട സാധനങ്ങള്‍ കസ്മറിന് എത്തിച്ചുകൊടുക്കാന്‍ നാലുപേരും മത്സരിക്കുന്നു. പരിചിതനായ ബാര്‍മാന്റേതിനു സമമായിരുന്നു ഈ ബാര്‍ഗേളുകളുടെയും പെരുമാറ്റരീതി. സോഡ പൊട്ടിക്കുന്നതും അതു മദ്യത്തിലേക്ക് പകര്‍ത്തുന്നതും കാണേണ്ട ഒരു കാഴ്ച തന്നെ. ബാര്‍ ഗേള്‍സ് എന്ന പുതിയ തൊഴില്‍ സാധ്യതയെപ്പറ്റി വൈറ്റ് ഡാമറിന്റെ ജനറല്‍ മാനേജര്‍ കിരണ്‍ പങ്കുവച്ച കഥകളും കൗതുകം നിറഞ്ഞതായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ സുനില്‍ എന്ന വ്യവസായിയുടേതാണു വൈറ്റ് ഡാമര്‍ എന്ന ചതുര്‍നക്ഷത്രഹോട്ടല്‍. ബാര്‍ ലൈസന്‍സ് കിട്ടി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ ജോലിക്കാരുടെ ക്ഷാമം സുനിലിനെ വല്ലാതെ വലച്ചു. സ്ഥിരമായ ജോലിക്കാരില്ല. അഥവാ ആരെങ്കിലും വന്നാല്‍ തന്നെ അവര്‍ക്ക് നാട്ടിലെങ്ങും ഇല്ലാത്ത ഡിമാന്റും. കൂടാതെ കസ്റ്റമറുമായി സ്ഥിരം പ്രശ്‌നങ്ങള്‍. മൂന്നറിയിപ്പില്ലാതെ സ്ഥിരം അവധികള്‍. കോടിക്കണക്കിനു രൂപ മുടക്കി ആരംഭിച്ച ബാര്‍ നിര്‍ത്തുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴാണ് ജനറല്‍ മാനേജറായി കിരണ്‍ എത്തുന്നത്. തന്റെ മുന്നി ലെ പ്രശ്‌നങ്ങള്‍ സുനില്‍ കിരണിന് കൈമാറി. അതൊരു വെല്ലുവിളിയായി കണ്ട കിരണ്‍ എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമായി.
ഒരുപാടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കിരണ്‍ കേരളത്തിന് പുറത്ത് ഒരുപാട് ബാറുകളില്‍ പെണ്‍കുട്ടികള്‍ ജോലിചെയ്യുന്നതു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. എന്തുകൊണ്ട് വൈറ്റ് ഡാമറിലും ഇത് ആയിക്കൂട? പിന്നീട് അതിനുവേണ്ടിയുള്ള അന്വേഷണമായി.
ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമുള്ള പല പെണ്‍കുട്ടികളെയും സമീപിച്ചെങ്കിലും ബാര്‍ ഗേളായി ജോലി ചെയ്യാന്‍ ആരും താല്പര്യപ്പെട്ടില്ല. അവസാനം ഒരു സുഹൃത്ത് വഴിയാണ് ബംഗാള്‍ സ്വദേശിനിയായ ശ്രയാദ്ധിയെ പരിചയപ്പെടുന്നത്. കാര്യമറിഞ്ഞപ്പോള്‍ ഫിസിക്‌സ് ബിരുദധാരിയായ ശ്രയാദ്ധിക്ക് നൂറുവട്ടം സമ്മതം. അങ്ങനെ ശ്രയാദ്ധി കേരളത്തിലെ ആദ്യത്തെ ബാര്‍ ഗേളായി.
പിന്നീട് ശ്രയാദ്ധി തന്നെ നാട്ടുകാരികളായ എല്‍ദിയെയും മറീററെയും വൈറ്റ് ഡാമറിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ആരും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദധാരണികള്‍ ആയിരുന്നില്ല. പക്ഷേ കിരണിന്റെ മേല്‍നോട്ടത്തില്‍ തന്നെ ഇവര്‍ക്ക് പരിശീലനം കൊടുത്തു. ഇപ്പോള്‍ ബാര്‍ മേഖലയില്‍ ഇവരെ വെല്ലാന്‍ വര്‍ഷങ്ങള്‍ മുന്‍പരിചയമുള്ള പുരുഷന്മാര്‍ക്ക് പോലും കഴിഞ്ഞെന്നുവരില്ല.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വീട്ടില്‍ പോകുന്ന മറീറയും എല്‍ദിയും ഇപ്പോള്‍ നാട്ടിലാണ്. ശ്രയാദ്ധി ഒരു വര്‍ഷം ലീവെടുത്ത് ബി.എഡ്. ചെയ്യാന്‍ നാട്ടിലേക്ക് പോയിരിക്കുന്നു. ബി.എഡ്. കഴിഞ്ഞാലും ശ്രയാദ്ധി തിരിച്ചുവരുമെന്ന് കിരണിനുറപ്പുണ്ട്. കാരണം ഈ പെണ്‍കുട്ടികള്‍ ഈ മേഖലയുമായി അത്രയധികം ഇഴൂകിച്ചേര്‍ന്നിരിക്കുന്നു.
ധാരാളം പെണ്‍കുട്ടികള്‍ അധികം താമസിയാതെ കേരളത്തിലെ ബാര്‍ ഹോട്ടലുകളില്‍ സജീവമാകുമെന്ന കിരണിന്റെ തുറന്നുപറച്ചില്‍ വെറുതെയല്ല. കാരണം അന്യദേശത്തുജോലി തേടിപ്പോയ ജയയുടെ കൂട്ടുകാരികള്‍ നാട്ടിലെ ബാര്‍ ഹോട്ടലുകളില്‍ ജോലിക്കായി ശ്രമം തുടങ്ങിയിരിക്കുന്നു.
ചിയേഴ്‌സ് അടിച്ച് പെണ്‍കുട്ടികളെ ഫോട്ടോ എടുക്കാന്‍ ക്ഷണിച്ചു. പ്രിയങ്കയും സുഭാഷിണിയും സരസ്വതിയും സന്തോഷത്തോടെ ഫോട്ടോയ്ക്കായി പോസ് ചെയ്തപ്പോള്‍ ജയ തനി മലയാളിയായി. ''ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടില്ല. കല്യാണാലോചനകള്‍ മുടങ്ങുമെന്നാ വീട്ടുകാരുടെ ഭയം.''
പക്ഷേ ജയ ഒന്നു കൂട്ടിച്ചേര്‍ത്തു: ''ഞാന്‍ ചെയ്യുന്ന തൊഴില്‍ ഞാന്‍ നൂറുശതമാനവും അഭിമാനിക്കുന്നുണ്ട്.!'' ഇതു കേട്ടപ്പോള്‍ ബംഗാളി കുട്ടികളും ഒരേ സ്വരത്തില്‍ കൂട്ടിച്ചേര്‍ത്തു. ''ഞങ്ങളും.''

News Courtesy: http://www.mangalam.com/women/news/42744
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved