Google

മലയാളിയുടെ സത്യസന്ധതയ്ക്ക് ദുബായ് സര്‍ക്കാരിന്റെ അംഗീകാരം

Wednesday, April 10, 2013

ദുബായ്: മലയാളിയുടെ സത്യസന്ധതയ്ക്ക് ദുബായ് സര്‍ക്കാരിന്റെ അവാര്‍ഡ്. ദുബായ് വിമാനത്താവളത്തില്‍ ക്ലീനിംഗ് ജോലിക്കാരനായ കണ്ണൂര്‍ സ്വദേശി അഷ്‌റഫാണ് വിമാനത്താവളത്തില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണമടങ്ങിയ ബാഗ് ഉടമയ്ക്കു തന്നെ തിരിച്ച് നല്‍കി മാതൃകയായത്. കഴിഞ്ഞ ദിവസം ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദില്‍ നിന്ന് അഷ്‌റഫ് അവാര്‍ഡ് ഏറ്റുവാങ്ങി. 50,000 ദിര്‍ഹവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കഴിഞ്ഞ 13 വര്‍ഷമായി ദുബായ് വിമാനത്താവളത്തില്‍ ക്ലീനിംഗ് തൊഴിലാളിയാണ് കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ്. 25 പവനോളം സ്വര്‍ണ്ണവും നാല് പാസ്പോര്‍ട്ടും അടങ്ങിയ ഗുജറാത്ത് സ്വദേശിയുടെ ബാഗാണ് ഇദ്ദേഹം തിരിച്ച് നല്‍കി മാതൃക കാട്ടിയത്. ഈ സത്യസന്ധതയ്ക്കാണ് ദുബായ് സര്‍ക്കാരിന്റെ അവാര്‍ഡ് അഷ്‌റഫിനെ തേടിയെത്തിയത്. വളരെ സാധാരണക്കാരനാണ് അഷ്‌റഫ്. ഇദ്ദേഹം ജോലിക്ക് പോകുന്നതും തിരിച്ച് വരുന്നതും സൈക്കിളില്‍. മുടങ്ങിക്കിടക്കുന്ന വീട് പണി പൂര്‍ത്തിയാക്കാന്‍ അവാര്‍ഡ് തുക ഉപയോഗിക്കാനാണ് അഷ്‌റഫിന്റെ തീരുമാനം.
അഷ്‌റഫിന്റെ സത്യസന്ധയ്ക്ക് അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം താമസിക്കുന്ന ഷബാബ് ഹോമിലെ അന്തേവാസികളും. വിപുലമായ പാര്‍ട്ടി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ വില്ലയിലെ താമസക്കാര്‍. അഷ്‌റഫിനെ കൂടാതെ സര്‍ക്കാര്‍ വകുപ്പില്‍ മികവ് തെളിയിച്ചവരേയും ചടങ്ങില്‍ ആദരിച്ചു.

Source: http://www.asianetnews.tv/pravasi/8369-mlayalee-get-award-for-his-honesty-at-dubai#.UWYkTLiVVLk.facebook
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved